ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്ക്കാര്റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.


