ഇസ്രാഈലില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളില്‍ സ്ഫോടനം. തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രാഈല്‍ പൊലീസ് ആരോപിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.
ഹോലന്‍, ബാറ്റ് യാം എന്നിവിടങ്ങളില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് രാത്രിയോടെ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും സമീപമുള്ള ബസുകളില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയെന്നും ഇസ്രാഈല്‍ പൊലീസ് അറിയിച്ചു. ഹോളനിലെ ബസ് സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ ഏകദേശം അഞ്ച് കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് നിര്‍വീര്യമാക്കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സ്ഫോടനത്തിന് പിന്നാലെ സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ ഓഫീസ് രംഗത്തെത്തി. വെസ്റ്റ്ബാങ്കില്‍ ആക്രമണം ശക്തമാക്കാനും ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
സ്ഫോടനത്തിന് പിന്നാലെ മുഴുവന്‍ ബസ് സര്‍വീസുകളും നിര്‍ത്തുന്നതിനും എല്ലാ ബസുകളിലും ട്രെയിനുകളിലും ലൈറ്റ് മെട്രോ സര്‍വീസുകളിലും പരിശോധന നടത്താനും ഗതാഗതമന്ത്രി മിറി റെജെവ് ഉത്തരവിട്ടു. മൊറോക്കോ സന്ദര്‍ശനം വെട്ടിചുരുക്കി ഗതാഗതമന്ത്രി ഇസ്രാഈലിലേക്ക് തിരിച്ചു.


