തിരുവനന്തപുരം: പൊലീസ് സേനയില്‍ പ്രത്യേക പോക്സോ വിങ് ഉള്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയില്‍ എസ്ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു.
പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവിയോടടക്കം ഇക്കാര്യത്തിൽ ഒരു പ്രൊപോസൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനിച്ചത്.
നാല് ഡിവൈഎസ്പി, 40എസ്ഐ പോസ്റ്റുകള്‍ ഉള്‍പ്പടെ 304 പേര്‍ക്കായിരിക്കും നിയമനം. പൊലീസ് നിയമനങ്ങളില്‍ മെല്ലപ്പോക്ക് ആരോപിച്ച് സമരം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനമെന്നതും ശ്രദ്ധേയമാണ്.


