പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷന് പൊലീസ് ഓഫീസര്‍ ആര് അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സലീം, സുമയ്യ ഷാജി, സതീഷ്, സജിനി എന്നിവരെയുമാണ് സസ്പെന്റ് ചെയ്തത്. ദക്ഷിണ മേഖലാ സിസിഎഫ് ആര് കമലാഹറാണ് നടപടി എടുത്തത്. ഡിഎഫ്ഓ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റാനും നിര്ദ്ദശമുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കോന്നി ആനക്കൂട്ടില്‍ ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.


