അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.
ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.


