നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്നും ആന ആക്രമിച്ചില്ലെന്നും പറഞ്ഞു. പൊലീസ് മലക്ക് മുകളില്‍ ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പലപ്പോഴും നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലാകുന്നത്. ഇന്നലെ വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്ന് 36-ാം മണിക്കൂറില്‍ ചെന്താമര പിടിയിലായത്.
നെന്മാറ പൊലീസ് സ്റ്റേഷനില്‍ മുന്നിലെ സംഘര്‍ഷം കണക്കിലെടുത്ത് പുലര്‍ച്ചെ ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നില്‍ ജനം പ്രതിഷേധിച്ചിരുന്നു. ഗേറ്റ് തകര്‍ത്ത നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കി പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം.


