ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ അവതരിപ്പിച്ച 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ: സർഫറാസ് അഹ്മദും ജനറൽ സെക്രട്ടറി ടി.പി അഷ്റഫലിയും പ്രസ്താവനയിൽ പറഞ്ഞു.
അഞ്ചു വർഷമോ അതിലധികമൊ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ അവ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടാണ്.
കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക.ബി ജെ പി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബി.ജെ,പിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്. ജനാധിപത്യത്തിൻ്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബി ജെ പി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. അത്തരം ജനകീയ സമരങ്ങളോടൊപ്പം ശക്തമായ നിലയുറപ്പിക്കാനും യുവാക്കളെ അണിനിരത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു.


