സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.


