പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സർക്കാർ ജോലി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവൻ കോളേജിലേയും വിദ്യാർത്ഥിനികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.
ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ മുഴുവൻ കോളേജിലെയും വിദ്യാർത്ഥിനികൾക്ക് പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തുകയം, തുടർന്ന് മണ്ഡലത്തിന് പുറത്ത് പഠനം നടത്തുന്ന കുട്ടികളുടെയും 18 വയസ്സ് പൂർത്തിയായവരുടെയും വൺ ടൈം രജിസ്ട്രേഷൻ പൂർത്ഥികരിക്കുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഓറിയെന്റേഷൻ നല്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫ്ലൈനായും, ഓണ്ലൈന്നായും സൗജന്യ പി.എസ്.സി പരിശീലനം നല്കി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈലത്തിൻ്റെ സഹായ സഹകരണത്തോടുകൂടിയാണ് പരിശീലനം നല്‍കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്റ്റാർ പദ്ധതി,ടാലന്റ് എന്ററിച്മെന്റ് പ്രോഗ്രാം, എവറസ്റ്റ് സ്കോളർഷിപ്പ്, വിജയാരവം, എൽ എസ് എസ്, യു എസ് എസ് പരിശീലനം,വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, സമഗ്ര ഗുണമേൻമ ഉറപ്പുവരുത്തൽ, പരിശീലന പരിപാടികള്‍ തുടങ്ങിയവ അക്ഷരീ പദ്ധതിയുടെ ഭാഗമായി നിലവിൽ മണ്ഡലത്തിൽ നടന്നു വരുന്നുണ്ട്.


