ബാഴ്സലോണ: ലാലിഗയില്‍ നടന്ന മത്സരത്തില്‍ ഗെറ്റാഫയെ മൂന്ന് ഗോളുകള്‍ക്കു തോല്പിച്ച് ബാഴ്സലോണ വിജയം നേടി. ഫെറാന്‍ ടോറസ് (15′, 34′) ഇരട്ട ഗോളുകളുമായി തിളങ്ങുമ്പോള്‍ ഡാനി ഓല്‍മോ (62′) ഒരു ഗോള്‍ കൂടി നേടി. 13 പോയിന്റുമായി പട്ടികയില്‍ ബാഴ്സ രണ്ടാം സ്ഥാനത്ത്.
ജൊഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ മിനിറ്റുമുതല്‍ ബാഴ്സ ആധിപത്യം പുലര്‍ത്തി. റാഫിന്യയുടെ പാസ് ഓള്‍മോ ബാക്ഹീലിലൂടെ ടോറസിന് നല്കിയപ്പോള് അത് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് കൗണ്ടര്‍ അറ്റാക്കില്‍ നിന്നും ടോറസ് രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ അസിസ്റ്റില്‍ ഓല്‍മോ മൂന്നാം ഗോള്‍ നേടി.
ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ മയോര്‍ക്ക സമനിലയില്‍ തടഞ്ഞു. ബാഴ്സയുടെ അടുത്ത മത്സരം റയല്‍ ഓവിയേഡോയോടും, അത്ലറ്റികോയുടെ മത്സരം റയോ വയ്യക്കാനോയോടും ആയിരിക്കും.


