രാജീവ് ചന്ദ്രശേഖറിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ വേദിയില്‍ ഇരുന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. മുഴപ്പിലങ്ങാട്-ധര്‍മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയില്‍ ഇരുന്നത്. നോട്ടീസില്‍ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ക്ഷണിച്ചാലും ഇല്ലെങ്കിലും വേദിയിലിരിക്കാന്‍ അധികാരമുണ്ടെന്ന് കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അല്പത്തമാണെന്നും സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പദവി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാവിന്റെ പേര് മറികടന്നാണ് അവസാന നിമിഷം സി.പി.എം ജില്ല സെക്രട്ടറിയെ വേദിയിലെത്തിച്ചതെന്നും സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്നും ബി.ജെ.പി കണ്ണൂര്‍ സൗത്ത് ജില്ല അധ്യക്ഷന്‍ ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.


