മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കരുവാരക്കുണ്ട് സ്വദേശി ജെറിനെയാണ് വനം വകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയില്‍ കടുവയിറങ്ങിയെന്ന പേരില്‍ യുവാവ് വീഡിയോ പ്രചരിപ്പിച്ചത്. കരുവാരക്കുണ്ട് ആര്‍ത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡില്‍ നേര്‍ക്കുനേര്‍ നിന്നുവെന്നായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ കടുവയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു.
കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആര്‍ത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബര്‍ത്തോട്ടത്തില്‍ വഴിയോടു ചേര്‍ന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ജെറിന് പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണില്‍ സൂം ചെയ്താണ് വീഡിയോ പകര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.


