നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ അതേ നുണയാണ് ഈ വിഷയത്തിലും ആവർത്തിക്കുന്നത്. നുണകൾ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണ്.
രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പുകാലത്ത് ഒരു യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറായാൽ ഞങ്ങളും കൂടെ വരാം. കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടൽ അടച്ചിടും. അല്ലാത്ത പ്രദേശങ്ങളിൽ തുറക്കും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ല.- അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച് പഠനം വരട്ടെ. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഏഴായിരത്തിലേറെ തസ്തികകൾ മുസ്ലിംകൾക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് പറയുന്നത്. ആധികാരികമായ പഠന രേഖയാണിത്. ഒന്നാമത് നഷ്ടം സംഭവിച്ചത് മുസ്ലിംകൾക്കും രണ്ടാമത് ലത്തീൻ കത്തോലിക്കർക്കുമാണ്.
പിന്നോക്ക സംവരണം മുസ്ലിംകൾ കയ്യടക്കി എന്ന് സുരേന്ദ്രൻ പറയുന്നത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്? ജാതി സെൻസസാണ് ഇതിനെല്ലാം പരിഹാരം. അത് നടത്താൻ ബി.ജെ.പി തയ്യാറാകാത്തത് എന്താണ്? കെ. സുരേന്ദ്രൻ ബി.ജെ.പിക്ക് കെണിവെച്ചതാണ്. 20 കോടി മുസ്ലിംകളിൽ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകൾക്ക് മുസ്ലിംലീഗ് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്ലിംകളുള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ലീഗ് വാരിക്കോരി കൊടുത്തു എന്ന് പറയുന്നത്. അർഹതപ്പെട്ടത് പോലും ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.


