തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്ക് സസ്പെന്ഷന്. കിളിമാനൂര്‍ ആര്‍ആര്‍വി സ്കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ തന്നെ അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തുകയായിരുന്നു. എതിര് സംഘത്തിലെ അധ്യാപകന് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. അധ്യാപകന് ഉപദ്രവിച്ചുവെന്ന് സ്കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചത്.
അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിക്കുകയും സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. തുടര്‍ന്നുണ്ടായ സിഡബ്ല്യൂസി അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. നാണക്കേടിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പ്ലസ് വണ്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.


