മെക്സിക്കോ സിറ്റിയില്‍ ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസില്‍ ഇടിച്ചുകയറി 10 പേര് മരിച്ചു. 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെക്സിക്കോ സിറ്റിയില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുള്കോ പട്ടണത്തിലെ വെയര്‍ഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലാണ് അപകടം നടന്നത്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഹെറാഡുറ ഡി പ്ലാറ്റ ലൈനില്‍ നിന്നുള്ള ബസ് കൂട്ടിയിടിയില്‍ തകര്‍ന്നു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കോയിലെ കനേഡിയന്‍ പസഫിക് കന്‍സാസ് സിറ്റി ട്രെയിന്‍ ലൈന്‍ അപകടം സ്ഥിരീകരിച്ച് ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കനഡ ആസ്ഥാനമായുള്ള ‘കാല്‍ഗറി’ കമ്പനി തങ്ങളുടെ ജീവനക്കാര്‍ സ്ഥലത്തുണ്ടെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച അപകട വിഡിയോയില്‍, അതിവേഗത്തില്‍ എത്തിയ ട്രെയിന്‍ ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം. ബസിന്റെ മധ്യഭാഗത്താണ് ട്രെയ്ന്‍ ഇടിച്ചത്. ബസിന്റെ മേല്‍ക്കൂര പൂര്‍ണമായും ഇല്ലാതായി. അപകടത്തിനു തൊട്ടുമുമ്പ് വാഹനങ്ങള്‍ പാളം മുറിച്ചുകടക്കുന്നത് കാണാം. ക്രോസിങ് ഗേറ്റുകളോ മറ്റ് സിഗ്നലുകളോ വിഡിയോയില്‍ ദൃശ്യമല്ല.


