ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമ്മീഷൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 9ന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നൽകുന്നതിനായി റാക്കിൽ നിന്ന് എടുത്തപ്പോൾ, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ട് പാക്കറ്റുകളിൽ Etoposide 50 mg എന്ന ലേബൽ കണ്ടെത്തിയതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തിയതാണ് സംഭവം.
തുടർന്ന് അഞ്ച് ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.


