വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പലിശനിരക്ക് 3.5 ശതമാനത്തിനും 3.75 ശതമാനത്തിനുമിടയിൽ തുടരുമെന്ന് ഫെഡറൽ റിസർവ് യോഗത്തിന് ശേഷം ചെയർമാൻ ജെറോം പവൽ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദങ്ങൾ അവഗണിച്ചാണ് തീരുമാനം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ.
വരാനിരിക്കുന്ന വായ്പ അവലോകന യോഗങ്ങളിലും പലിശനിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് ജെറോം പവൽ വീണ്ടും വ്യക്തമാക്കുന്നത്.
അതേസമയം, യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റുമുട്ടലുകളെ കുറിച്ച് പ്രതികരിക്കാൻ പവൽ തയ്യാറായില്ല. എന്നാൽ ഫെഡറൽ റിസർവിൽ ട്രംപ് നിയമിച്ച രണ്ട് ഗവർണർമാരായ സ്റ്റീഫൻ മിരാനും ക്രിസ്റ്റഫർ വാലറും പലിശനിരക്ക് കുറക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.
അടുത്ത ഫെഡറൽ റിസർവ് ചെയർമാനായി ട്രംപ് നോമിനിയെ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇനി നടക്കുന്ന രണ്ട് വായ്പ അവലോകന യോഗങ്ങളിൽ കൂടി ജെറോം പവൽ തന്നെ അധ്യക്ഷത വഹിക്കും. ഈ യോഗങ്ങളിലും പലിശനിരക്കിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ട്രംപിന്റെ നോമിനി ഫെഡറൽ റിസർവിന്റെ തലപ്പത്തെത്തിയാൽ പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കമുണ്ടാകുമെന്നാണ് വിലയിരുത്തൽ.


