കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ ബൂത്തിലെ ഏകദേശം 40 ശതമാനം വരുന്ന 470 വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നാണ് കീര്‍ത്തി കുമാര്‍ ആരോപിക്കുന്നത്. നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടത് മുസ്ലിം വോട്ടര്‍മാരെയാണെന്നും, ഇതിനകം വോട്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത് തന്റെ കഴിവിനപ്പുറമുള്ള കാര്യമാണെന്നും ബി.എല്‍.ഒ വ്യക്തമാക്കുന്നു.
വൈറലായ വീഡിയോ ക്ലിപ്പില്‍, ”ഞാന്‍ കലക്ടറുടെ ഓഫിസിലെത്തും, അവിടെ വെച്ച് ആത്മഹത്യ ചെയ്യും” എന്ന് കീര്‍ത്തി കുമാര്‍ ഫോണ്‍ വഴി പറയുന്നത് കേള്‍ക്കാം. ”ഞാന്‍ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യാം. അത് മഹാരാജിനെ തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിപ്പിക്കാന്‍ സഹായിക്കും” എന്നും അദ്ദേഹം ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയോട് പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇവിടെ ‘മഹാരാജ്’ എന്ന് പരാമര്‍ശിക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷമുള്ള ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയെയാണെന്ന് വ്യക്തമാകുന്നു. ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ, മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെയും നടപടികളുടെയും പേരില്‍ നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.
ജോലി സമ്മര്‍ദവും എസ്.ഐ.ആര് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ആപ്പ് തകരാറുകള്‍, അപര്യാപ്തമായ പരിശീലനം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ കുറഞ്ഞത് മൂന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.


