ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്കിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുള്ള പിണറായി സര്‍ക്കാറിന്റെ മലക്കംമറിച്ചിലിന് ഒരിക്കല്‍കൂടി കേരള സമൂഹം സാക്ഷിയായിരിക്കുകയാണ്. യുവതീ പ്രവേശന വിധിയെ എതിര്‍ക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിക്കാനുമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറടക്കമുള്ള കക്ഷികള്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി മാര്‍ച്ച് 14 വരെ സമയം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്നത്.
ഒരേ സര്‍ക്കാറിന്റെ കാലത്തുതന്നെ വ്യത്യസ്ത രീതിയിലുള്ള സത്യവാങ്മൂലം നല്‍കിയതിലൂടെ വിശ്വാസി സമൂഹം ഏറെ പ്രാധാന്യത്തോടെ നോക്കിക്കണ്ട വിഷയത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശബരിമലയെ പന്താടുന്ന ഇടതു സര്‍ക്കാറിന്റെ സമീപനത്തിന് കേരള ജനത ഒറ്റക്കെട്ടായി കണക്കിനു നല്‍കിയതോടെയാണ് ഇപ്പോഴത്തെ പുനരാലോചനയെന്നതും യാഥാര്‍ത്ഥ്യമാണ്.
2018 ല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്കിയ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിനു മുമ്പാകെ അന്നത്തെ ദേവസ്വംബോര്‍ഡ് ശക്തമായ എതിര്‍പ്പായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2019 ല്‍ പുനപരിശോധനാ ഹരജി പരിഗണിച്ചപ്പോള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പാക്കണമെന്ന് ദേവസ്വംബോര്‍ഡ് കോടതിയില്‍ വാദിക്കുകയായിരുന്നു.
ഇപ്പോള്‍ യുവതീ പ്രവേശനം പാടില്ലെന്ന ദേവസ്വംബോര്‍ഡിന്റെ തീരുമാനം സര്‍ക്കാറിന്റെ മലക്കംമറിച്ചിലനുള്ള മറ്റൊരുദാഹരണമാണ്. 2018 ല്‍ സുപ്രീംകോടതി വിധിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വംബോര്‍ഡിന്റെ അധ്യക്ഷന്‍. സര്‍ക്കാര്‍ മാറിയിരുന്നുവെങ്കിലും ദേവസ്വംബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ യു.ഡി.എഫ് കാലത്തെ ഭരണസമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയില്‍ ആചാരസംരക്ഷണമെന്ന പ്രഖ്യാപിത നിലപാടിനൊപ്പമായിരുന്നു ആ ഭരണസമിതി നിലയുറപ്പിച്ചത്.
ശബരമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാല്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ പാടില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംഘ്വി കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി. അതേസമയം തന്നെ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശത്തെ ശക്തമായി അനുകൂലിച്ചും വാദിച്ചു. ഇതോടെയാണ് യുവതീപ്രവേശനത്തിന് അനുകൂലമായ അഞ്ചംഗബെഞ്ചിന്റെ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്. 2019 ല്‍ പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുമ്പോഴേക്കും ദേവസ്വംബോര്‍ഡ് ഭരണസമിതിയും മാറിയിരുന്നു. ഇതോടെ ബോര്‍ഡിന്റെ നിലപാടും സ്ത്രീപ്രവേശനത്തിന് അനുകൂലമായിത്തീര്‍ന്നു. 2007 ലെ വി.എസ് സര്‍ക്കാറും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. 2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് സ്ത്രീപ്രവേശനത്തിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍സ സ്വീകരിച്ചിരുന്നത്.
പിണറായി സര്‍ക്കാറിന്റെ കടുംപിടുത്തത്തിന്റെ ഫലമായുണ്ടായ സ്ത്രീപ്രവേശനത്തിനനുകൂലമായ വിധിയും അതിനു പിന്നാലെ അയ്യപ്പഭക്തന്മാരുടെ ഹൃദയംതകര്‍ത്തുകൊണ്ടുള്ള സ്ത്രീപ്രവേശന നാടകവും സംസ്ഥാനത്താകെ പ്രതിഷേധത്തിന്റെ കോടുങ്കാറ്റുരൂപപ്പെട്ടതുമെല്ലാം ആ നിലപാടിന്റെ ബാക്കിപത്രമായിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ നിലപാട് തിരുത്തുമ്പോള്‍ വിശ്വാസാചാരങ്ങളില്‍ കൈകടത്തിയതിന്റെ പേരില്‍ ജനംനല്‍കിയ കടുത്ത മുന്നറിയിപ്പാണ് ഈ നയംമാറ്റത്തിനുപിന്നിലെന്നത് സുവ്യക്തമാണ്. 2018 ലെ കോടതി വിധിക്ക് പിന്നാലെ വൈക്കം സത്യാഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെയും തുടര്‍ച്ചയായി ശബരിമല സ്ത്രീപ്രവേശത്തെ അടയാളപ്പെടുത്തുകയും അതിനായി നവോത്ഥാന സമിതിയും വനിതാ മതിലുമെല്ലാം രൂപപ്പെടുത്തുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്.
എന്നാല്‍ യുവതീ പ്രവേശനത്തിനു പിന്നാലെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റ് മാത്രം നല്‍കിയാണ് ജനം തിരിച്ചടി നല്‍കിയത് നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖത്തുനില്‍ക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയും അയ്യപ്പസംഗമത്തിലെ അഴിമതി ആരോപണങ്ങളുമെല്ലാം നടുവൊടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിണറായി സര്‍ക്കാറിന്റെ മറ്റൊരു യു ടേണ്‍.


