വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അത് എങ്ങനെ കുടിക്കുന്നു എന്നതും ശരീരാരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ജലനിരപ്പ് കുറയുമ്പോൾ ആന്തരിക പ്രവർത്തനങ്ങൾ താളം തെറ്റുകയും തലച്ചോറിന്റെ പ്രവർത്തനം പോലും ബാധിക്കപ്പെടുകയും ചെയ്യും. ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ നീണ്ടുനിൽക്കുകയാണെങ്കിൽ നിർജ്ജലീകരണം ഗുരുതരമായി മാറി ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക്, അവയവങ്ങളുടെ തകരാർ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമായ അവസ്ഥയാണെന്നും അവർ വ്യക്തമാക്കുന്നു.
ഇരുന്ന് വെള്ളം കുടിക്കുമ്പോൾ
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളം ഇരുന്ന് കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ കുടിക്കുമ്പോൾ പേശികളും നാഡീവ്യൂഹവും ശാന്താവസ്ഥയിലായിരിക്കും. പതുക്കെ കുടിക്കുന്ന വെള്ളം ദഹനവ്യവസ്ഥയിലേക്ക് ക്രമബദ്ധമായി എത്തുകയും ആമാശയത്തിലെ ദഹനരസങ്ങളുമായി നന്നായി കലരുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഇരുന്ന് വെള്ളം കുടിക്കുന്നത് അമിതമായ ഗ്യാസുണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ, വൃക്കകൾക്ക് ദ്രാവകങ്ങൾ കാര്യക്ഷമമായി അരിച്ചെടുക്കാൻ ഇരുന്ന് കുടിക്കുന്നത് സഹായകരമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് വലിയ വേഗത്തിൽ ആമാശയത്തിലേക്ക് പതിക്കാം. ഇത് ആമാശയഭിത്തികൾക്കും അന്നനാളത്തിനും സമ്മർദം സൃഷ്ടിക്കാനിടയാക്കും. വെള്ളം വേഗത്തിൽ ശരീരത്തിലൂടെ കടന്നുപോകുന്നതിനാൽ വൃക്കകൾക്ക് അത് ശരിയായി അരിച്ചെടുക്കാൻ സമയം ലഭിക്കാതെ വരുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യത വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. ആയുർവേദം പ്രകാരം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിച്ച് ഭാവിയിൽ സന്ധിവേദനക്കും വാതത്തിനും കാരണമാകാം.
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒറ്റയടിക്ക് കൂടുതലായി വെള്ളം കുടിക്കുന്നതിനു പകരം ഓരോ സിപ്പായി പതുക്കെ കുടിക്കുകയാണ് ഉചിതം. അതുപോലെ, അതിയായി തണുത്ത വെള്ളം ഒഴിവാക്കണം. മുറിയിലെ താപനിലയിലുള്ള വെള്ളമോ നേരിയ ചൂടുവെള്ളമോ ദഹനത്തിന് കൂടുതൽ അനുയോജ്യമാണ്. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിക്കുമെന്നതിനാൽ, ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.


