തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ആണ് മരിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബിസ്മീറിന് ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്കാന് തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്കാന് വിസമ്മതിച്ചുവെന്നും കുടുംബം ആരോപിച്ചു. പട്ടി കയറാതിരിക്കാന്‍ ഗേറ്റ് അടച്ചിട്ടതായാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം.
സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിആര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. ”രക്ഷിക്കണേ” എന്ന് പറഞ്ഞ് ബിസ്മീര്‍ നിലവിളിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 20 മിനിറ്റ് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ആംബുലന്‍സില്‍ പോലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ മാസം 19നാണ് ബിസ്മീര്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നല്‍കണമെന്ന് ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.


