റസാഖ് ഒരുമനയൂര്‍
ദുബൈ: ആര്‍ക്കും ആരെയും സമാധാനിപ്പിക്കുവാനോ മനസ്സിനെ സ്വയം നിയന്ത്രിക്കുവാനോ കഴിയാത്തവിധം ദു:ഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തില്‍ നാല് അരുമ സന്താനങ്ങളുടെ ഭൗതിക ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് കുരുന്നുമക്കളുടെ മയ്യിത്താണ് ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
സോനാപൂര്‍ ഖബര്‍സ്ഥാനിലേക്ക് ഒഴുകിയെത്തിയവരുടെ കണ്ണില്‍നിന്നും ഒഴുകിയ കണ്ണൂനീര്‍ തുല്യതയില്ലാത്ത സങ്കടക്കടലായിമാറി. പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
കിഴിശ്ശേരി സ്വദേശി അബ്ദുല്ലത്തീഫ്-റുക്സാന ദമ്പതികളുടെ മക്കളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) അസം (7) എന്നിവരെയാണ് സോനാപൂരില്‍ ഖബറടക്കിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ലിവ ഫെസ്റ്റിന് പോയി മടങ്ങുമ്പോള്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൂന്നുമക്കള്‍ അപകടസ്ഥലത്തുവെച്ചും അസം തിങ്കളാഴ്ച ആശുപത്രിയില്‍വച്ചുമാ ണ് മരപ്പെട്ടത്. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയു ടെ മയ്യിത്ത് കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു മറവ് ചെയ്തിരുന്നു. അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍നിന്നും തുടര്‍ന്ന് ബനിയാസ് മോര്‍ച്ചറിയില്‍നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ദുബൈ യിലെത്തിച്ചത്.
നൊന്തുപെറ്റ നാലുമക്കള്‍ എന്നെന്നേക്കുമായി പിരിഞ്ഞ കാര്യം ഉമ്മ റുക്സാനയെ അറിയിച്ചിരുന്നില്ല. ഇന്നലെ ഖബറടക്കുന്നതിനു അല്‍പ്പം മുമ്പാണ് റുക്സാനയെ ചലനമറ്റ നാലുമക്കളുടെ അടുത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നത്. പെട്ടെന്ന് ആഘാതം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് റുക്സാനയെ തന്റെ അരുമസന്താനങ്ങളുടെ ചലനമറ്റ ശരീരം കാണാനെത്തിച്ചത്. ഈ സമയം മറ്റാരെയും അവിടെ അനുവദിച്ചിരുന്നില്ല.
റുക്സാനയുടെ മാതാവ് ഷാഹിദയും അവധിക്ക് നാട്ടിലായിരുന്ന സഹോദരങ്ങള്‍ മുഹമ്മദ്, ഫാസില്‍ എന്നിവരും സഹോദരിയും കഴിഞ്ഞദിവസം നാട്ടില്‍നിന്നെത്തിയിട്ടുണ്ട്. സ്പെയിനിലായിരുന്ന സഹോദരന് ഫാറൂഖും എത്തിയിട്ടുണ്ട്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ് ദുബൈയില്‍ ബിസ്നസ്സ് നടത്തിവരികയാണ്. റുക്സാന വടകര ഒഞ്ചിയം കുന്നുമ്മക്കര സ്വദേശിയാണ്.
Comments


