കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള നിമിഷത്തില്‍ ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ തന്നെ സംരക്ഷിച്ചെന്ന് ഡോ. എം.കെ മുനീര്‍. ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജനങ്ങള്‍ കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നതായി ഡോ. എം.കെ മുനീര്‍ പറഞ്ഞു. തന്റെ ജീവന് രക്ഷിക്കാന്‍ രാവും പകലും പ്രവര്‍ത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഓ.ഡിമാര്‍, അനുബന്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി മാനേജ്മെന്റ്, ജി.ഡി.എ. സ്റ്റാഫുകള്‍, ആരോഗ്യ മേഖലയിലെ മറ്റുള്ളവര്‍ക്കും ഡോ. എം.കെ അദ്ദേഹം നന്ദി അറിയിച്ചു.
രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും പ്രിയപ്പെട്ടവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പണ്ഡിതന്മാര്ക്കും ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ക്കുമെല്ലാം മുനീര്‍ നന്ദി അറിയിച്ചു.
എല്ലാ മതസംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാര്‍ത്ഥനകളാണ് യഥാര്‍ത്ഥത്തില്‍ തനിക്ക് പുതുജീവന്‍ നല്‍കിയതെന്നും മുനീര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സര്‍വ്വശക്തനായ നാഥന് സ്തുതി.
പ്രിയപ്പെട്ടവരെ,
നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല.
ജീവിതം ഒരു പ്രയാണമാണ്; ചിലപ്പോഴത് തീര്‍ത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകള്‍ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഒരു ജനത എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിര്‍വചനീയമായ കടപ്പാട് അറിയിക്കുന്നു.
ഈ അത്യാസന്ന ഘട്ടത്തില്‍ എന്റെ ജീവന് രക്ഷിക്കാന്‍ രാവും പകലും പോലെ പ്രവര്‍ത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് എച്ച്.ഓ.ഡിമാര്‍, അനുബന്ധ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി മാനേജ്മെന്റ്, ജി.ഡി.എ. സ്റ്റാഫുകള്‍, ആരോഗ്യ മേഖലയിലെ മറ്റു പ്രിയപ്പെട്ടവര്‍ ഇവരെ ഞാന്‍ ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
അതുപോലെ, എന്റെ രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാര്‍ത്ഥനകള്‍ കൊണ്ടും സ്നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവര്‍, സഹപ്രവര്‍ത്തകര്‍, പണ്ഡിതന്മാര്, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, എല്ലാ മതസംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാര്‍ത്ഥനകളാണ് യഥാര്‍ത്ഥത്തില്‍ എനിക്ക് പുതുജീവന്‍ നല്കി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചു.
അതിജീവനത്തിന്റെ പാതയില്‍ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തണം.
സ്നേഹത്തോടെ,
ഡോ. എം.കെ മുനീര്‍


