പാലക്കാട്: കണക്ഷന്റെ കിലോവാട്ട് ശേഷിയനുസരിച്ചുള്ള തുക കെഎസ്ഇബി ഈടാക്കണമെന്ന ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി വിജ്ഞാപനം ഇറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. റെഗുലേറ്ററി കമ്മീഷനില്‍ നിന്ന് അനുമതി തേടി പുതിയ കണക്ഷന് ചാര്‍ജ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വം കെഎസ്ഇബിക്കുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇതുമൂലം ചെറുകിട സംരംഭകര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. 40 കിലോവാട്ട് മാത്രം ആവശ്യമായ ഒരു വ്യവസായിക്ക് 315 കെവിഎ ശേഷിയുള്ള ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം അടുത്തിടെ തൃശൂര്‍ ജില്ലയിലെ ഒരു സെക്ഷന്‍ ഓഫീസില്‍ നിന്ന് ലഭിച്ചു. ഒമ്പതര ലക്ഷം രൂപ ചെലവഴിക്കണമെന്ന ആവശ്യത്തിനെതിരെ അപേക്ഷകന് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചു.
പരാതിയുടെ തെളിവെടുപ്പ് ഈ മാസം 15ന് കമ്മീഷന് നടത്തും. നിയമം പ്രകാരം ഉപഭോക്താവിന്റെ പണം ചെലവഴിച്ച് സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ കെഎസ്ഇബിയുടെ ഉടമസ്ഥതയിലാകും. ഉടമയുടെ സമ്മതമില്ലാതെയും കെഎസ്ഇബിക്ക് അത് ഉപയോഗിച്ച് മറ്റ് ഉപഭോക്താക്കള്‍ക്ക് കണക്ഷന് നല്‍കാനുള്ള അധികാരവും നിലവിലുണ്ട്.
2024 ജൂലൈ 22നാണ് റെഗുലേറ്ററി കമ്മീഷന് പുതിയ ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തില്‍ ആവശ്യമായ തുക മാത്രം അടച്ചാല്‍ മതി എന്നാണ് ചട്ടം. 200 മീറ്റര്‍ വരെ ലൈന്‍ വലിച്ചുനല്കുന്ന എല്ലാ കണക്ഷനുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ആറുമാസത്തിനകം നടപ്പാക്കേണ്ട ചട്ടം ഇന്നും നിലനിര്‍ത്തിയിട്ടില്ലെന്നതാണ് സംരംഭകരുടെ പരാതി.
നിയമം അനുസരിച്ച് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് വൈദ്യുതി നിയമം 2003 പ്രകാരം ഗുരുതര കുറ്റമാണെന്നും, ഉത്തരവാദികള്‍ക്കെതിരെ നഷ്ടപരിഹാരം വിധിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നും അറിയിക്കുന്നു.


