തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഫുട്ബോള്‍ ആവേശത്തിന് പുത്തന്‍ ചിറകുകള് നല്കിയ തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ ആദ്യ മത്സരത്തിന് ഞായറാഴ്ച ഇറങ്ങും. ആദ്യസീസണില്‍ ബ്രസീലിയന്‍ കരുത്തില്‍ സെമിഫൈനല്‍വരെയെത്തിയ കൊമ്പന്‍സ് ഇത്തവണയും ആശ്രയിക്കുന്നത് ബ്രസീലിയന്‍ ശക്തിയേയാണ്. മധ്യനിരയില്‍ കളംനിറഞ്ഞുകളിച്ച ക്യാപ്റ്റന്‍ പാട്രിക് മോത്തയും മുന്നേറ്റങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ബിസ്പോയുമായിരുന്നു ആദ്യസീസണില്‍ കൊമ്പന്റെ ശക്തി. ഇവര്‍ക്കുപുറമേ പ്രതിരോധത്തില്‍ യൂറി കാര്‍വാലോ, ഫിലിപ്പെ ആല്‍വെസ്, മുന്നേറ്റനിരയില്‍ റൊണാള്‍ഡ് മക്ലിസ്റ്റ്, പൗലോ വിക്ടര്‍ എന്നീ ബ്രസീലിയന്‍ കളിക്കാരും ഇക്കുറി കൊമ്പന്സിനൊപ്പമുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി അണ്ടര്‍ 23 ടീമിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും തിളങ്ങിയ മലയാളികളും മറുനാടന്‍ താരങ്ങളും ഇത്തവണ കൊമ്പന് നിരയ്ക്ക് കരുത്തായുണ്ട്. ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നത് ഐറിഷുകാരനായ മുഖ്യപരിശീലകന്‍ ജെയിംസ് മക്ലുണാണ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ചാലകശക്തിയായിരുന്ന ബ്രസീലിയന്‍ മധ്യനിരതാരം പാട്രിക് മൊത്തയാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍മാരിലൊരാളായ ബിസ്പോ, ദേശീയ ഗെയിംസില്‍ കേരളത്തിനായി വിജയഗോള്‍ നേടിയ മധ്യനിരയിലെ കരുത്തന് ബിബിന്‍ ബോബന്, ഇന്ത്യന്‍ ദേശീയ ടീമില്‍ പരിചയസമ്പത്തുള്ള പ്രതിരോധതാരം സലാം രഞ്ജന്‍ സിംഗ് എന്നിവര്‍ പാട്രിക്കിന് പിന്തുണയേകും. ടീമിന്റെ മധ്യനിരയില്‍ കളി മെനയുന്നതില്‍ അബ്ദുള്‍ ബാദിഷ് സുപ്രധാന പങ്ക് പങ്കുവഹിക്കും. കോവളം എഫ്സിയില്‍ നിന്ന് ടീമിലെത്തിയ അക്ഷയ് പി എം ആണ് മധ്യനിരയിലെ മറ്റൊരു പ്രധാനി. റിയല്‍ കശ്മീര്‍, രാജസ്ഥാന് യുണൈറ്റഡ് ടീമുകള്‍ക്കായി ഐ-ലീഗില്‍ തിളങ്ങിയ രാഘവ് ഗുപ്തയും ഇന്ത്യന്‍ അണ്ടര്‍-17 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവതാരം രോഹന് സിംഗും മധ്യനിരയിലുണ്ടാകും.
ബ്രസീലിയന്‍ താരങ്ങളായ ലൂറി ഡി കാര്‍വാലോ ലിമ, ഫിലിപ്പെ അല്‍വസ് എന്നിവരുടെ വരവ് പ്രതിരോധനിരയ്ക്ക് അന്താരാഷ്ട്ര നിലവാരം നല്കുന്നു. ഇവര്‍ക്കൊപ്പം അഖില്‍ ജെ ചന്ദ്രന്, 2022-23 വര്‍ഷത്തെ കേരള ഫുട്ബോള്‍ അസോസിയേഷന് റെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മനോജ് എം, ചെന്നൈയിന് എഫ്സി, നെറോക്ക എഫ്സി തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ച മുഹമ്മദ് ഷെരീഫ് ഖാന്, ശ്രീനിധി ഡെക്കാണില്‍ നിന്ന് ഐ-ലീഗ് പരിചയവുമായി എത്തുന്ന മുഹമ്മദ് സനുത്ത്, കേരള താരങ്ങളായ ഷാനിദ് വാലന്‍, ഷിനു ആര് എന്നിവരും ടീമിന്റെ പ്രതിരോധക്കോട്ടയ്ക്ക് കരുത്തു പകരും. ഐഎസ്എല്‍ ചാമ്പ്യന്‍ പട്ടം നേടിയ പരിചയസമ്പത്തുമായി എത്തുന്ന സലാം രഞ്ജന്‍ സിംഗ് പ്രതിരോധനിരയ്ക്ക് നേതൃത്വം നല്‍കും.
മുന്നേറ്റനിരയില്‍ ഓട്ടേമര്‍ ബിസ്പോയുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകും. ഈസ്റ്റ് ബംഗാള്‍, എഫ്സി കേരള തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ച 19-കാരന് ഖാലിദ് റോഷന്, കോവളം എഫ്സിയില്‍ നിന്നും ടീമിനൊപ്പം ചേര്‍ന്ന മുഹമ്മദ് ഷാഫി, നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഗോള്‍ നേടാന്‍ കഴിവുള്ള മുഹമ്മദ് അഷര്‍ എന്നിവര്‍ ആക്രമണത്തിന് മൂര്‍ച്ച കുട്ടും. ബ്രസിലില്‍ നിന്നും യൂറോപ്പില്‍ നിന്നും അനുഭവസമ്പത്തുമായി എത്തുന്ന പൗലോ വിക്ടര്‍ ലിമ സില്‍വയും റൊണാള്‍ഡ് മക്കലിസ്റ്റനും മുന്നേറ്റനിരയെ കൂടുതല്‍ അപകടകാരികളാക്കും. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച ഷിഹാദ് നെല്ലിപ്പറമ്പന്‍, ഗോളടിക്കാന്‍ മിടുക്കനായ വിസ്നേഷ് ‘വിക്കി’ മരിയ എന്നിവരും ടീമിന്റെ ഭാഗമാണ്.മിന്നല്‍ വേഗത്തിലുള്ള റിഫ്ലെക്സുകള്‍ക്ക് പേരുകേട്ട ആര്യന് സരോഹയാണ് പ്രധാന ഗോള്‍കീപ്പര്‍. ടീമിനെ വെള്ളയമ്പലം ഹോംബ്രിഡ്ജില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുന്‍ഡിജിപി ജേക്കബ് പുന്നൂസ് കായികപ്രേമികള്‍ക്ക് പരിചയപ്പെടുത്തി. കൊമ്പന്‍സ് എഫ്സി സിഇഒ എന്‍ എസ് അഭയകുമാര്‍ സന്നിഹിതരായിരുന്നു.


