തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഒരു പവന് 86,560 രൂപയ്ക്കും ഒരു ഗ്രാം 10,820 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലത്തെ നിരക്കിനേക്കാള്‍ 440 രൂപ കുറഞ്ഞതാണ് വില.
സ്വര്‍ണവില 90,000 രൂപ കടക്കും എന്നാണ് കരുതിയിരുന്നെങ്കിലും തുടര്‍ച്ചയായി ഉണ്ടായ കുറവുകള്‍ വിപണിയില്‍ ആശ്ചര്യം സൃഷ്ടിച്ചു. എന്നാല്‍, വില കുറഞ്ഞിട്ടും ഇപ്പോള്‍ സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ സാധാരണ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ കുറഞ്ഞിരിക്കുകയാണ്.
വില വര്‍ധനയ്ക്കു പിന്നില്‍ പ്രധാനമായും ആവശ്യകതയിലെ വര്‍ധനയാണ്. സെന്‍ട്രല്‍ ബാങ്കുകളുടെ വ്യാപകമായ സ്വര്‍ണവാങ്ങലും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സാമ്പത്തിക തീരുമാനങ്ങളും വില കുതിപ്പിന് കാരണമായി. ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം മാസേന 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയത്.
ആഭരണ മേഖലയിലാണ് ആവശ്യത്തില്‍ കുറവ് കണ്ടുവരുന്നത്. എന്നാല്‍, ബാര്‍, കോയിന്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയ്ക്കുള്ള ആവശ്യകതയില്‍ ഇടിവ് വന്നിട്ടില്ല. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയിലെ ഉയര്‍ച്ചയെ തന്നെ ഏറ്റെടുത്ത് മുന്നേറുകയാണെന്നതാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


