ന്യൂഡല്‍ഹി: 2023-ലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഓരോ മണിക്കൂറിലും കര്‍ഷക തൊഴിലാളികളില്‍ ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) വ്യക്തമാക്കി. 2022 നെ അപേക്ഷിച്ച് 2023-ല്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറവായിട്ടുള്ളതായാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ആത്മഹത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും അറിയിക്കുന്നു.
മഹാരാഷ്ട്രയാണ് കര്‍ഷക ആത്മഹത്യ നിരക്കില്‍ മുന്നില്‍ (38.5%), രണ്ടാമത് കര്‍ണാടക (22.5%). ആന്ധ്രാപ്രദേശ് (8.6%), മധ്യപ്രദേശ് (7.2%), തമിഴ്നാട് (5.9%) എന്നിവയും മുന്‍സ്ഥാനങ്ങളിലാണ്.
2023-ല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് 10,786 പേര് ആത്മഹത്യ ചെയ്തു. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ ഇത് 6.3% ആണ്. ഇതില്‍ 4,690 കര്‍ഷകരും 6,096 കര്‍ഷക തൊഴിലാളികളുമുണ്ട്. ജീവനൊടുക്കിയ കര്‍ഷകരില്‍ 4,553 പുരുഷരും 137 സ്ത്രീകളും അടങ്ങുന്നു.
അതേസമയം, 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പട്ടികയില്‍ ഉള്‍പ്പെട്ടില്ലാത്ത സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ചണ്ഡീഗഡ്, ഡല്‍ഹി, ലക്ഷദ്വീപ് എന്നിവയാണ്.
2022-ല്‍ ആത്മഹത്യകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഉത്തരാഖണ്ഡ് ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ ആത്മഹത്യകളില്‍ 0.3% വര്‍ധന രേഖപ്പെടുത്തിയതായി എന്‍സിആര്‍ബി അറിയിച്ചു.


