സംസ്ഥാനത്ത് ജിഎസ്ടിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു സംഘം സാധാരണക്കാരുടെ പേരില്‍ ജിഎസ്ടി രജിസ്റ്റര്‍ ചെയ്തത് നടത്തിയത് 1100 കോടിയുടെ ഇടപാടാണെന്ന് വി.ഡി.സതീശന് ആരോപിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ജിഎസ്ടിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് വ്യാജ അക്കൗണ്ടുകളിലായി 1100 കോടിയുടെ ഇടപാടുകള്‍ ഒരു സംഘം മാത്രം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തിയത്.
സാധാരണക്കാരുടെ പേരില്‍ അവര്‍ അറിയാതെ ജിഎസ്ടി രജിസ്ട്രേഷന് എടുത്താണ് തട്ടിപ്പ്. ഈ ഇനത്തില്‍ 200 കോടി രൂപയുടെ നഷ്ടമാണ് സര്ക്കാരിന്നുണ്ടായത്. പൂനൈ ജിഎസ്ടി വിജിലന്‍സ് ആണ് തട്ടിപ്പ് കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കിയതിനപ്പുറം ഇതില്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. സമാനമായ 100ലധികം വ്യാജ രജിസ്ട്രേഷനുകള്‍ ഇപ്പോഴും സജീവമാണ്. ജിഎസ്ടി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ട്. തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണം. തട്ടിപ്പില്‍ ഇരകള്‍ ആയവരെ വിവരം അറിയിക്കുകയും സര്‍ക്കാറിന് നഷ്ടമായ 200 കോടി തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി വേണം.- പ്രതിപക്ഷ നേതാവ് പറഞ്ഞു.


