ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്നതിനായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഈ പദ്ധതിയെക്കുറിച്ചുള്ള ബില്‍ അടുത്ത വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡിജിറ്റല്‍ ഐഡി സംവിധാനം നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ ബാധിച്ചേക്കുമെങ്കിലും, പൗരന്മാര്ക്കും നിയമാനുസൃതമായി ജോലി ചെയ്യുന്നവര്‍ക്കും നിരവധി ഗുണങ്ങള്‍ ഉണ്ടാകുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
പേര്, ജനനതീയതി, ദേശീയത, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഐഡി മൊബൈലിലോ ഡിജിറ്റല്‍ ഉപകരണത്തിലോ സൂക്ഷിക്കാവുന്നതാണ്. വ്യക്തികള്‍ എല്ലായ്പ്പോഴും ഐഡി കൈവശം വെക്കേണ്ടതില്ലെങ്കിലും, ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കും. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്ക് പോലും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.
‘സുരക്ഷിത അതിര്‍ത്തിയും നിയന്ത്രിത കുടിയേറ്റവും രാജ്യത്തിന് ആവശ്യമാണ്. ഓരോ രാജ്യത്തിനും സ്വന്തം അതിര്‍ത്തികളില്‍ നിയന്ത്രണം വേണം. രാജ്യത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാന്‍ കഴിയണം,’ എന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഐഡി സംവിധാനം നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്താനും പൊതുസേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുമിത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


