ഒസ്മാനെ ഡെംബലെയുടെ ബാലണ്‍ദ്യോര്‍ വിജയത്തിന്റെ തിളക്കത്തിനിടയിലും മറക്കാനാകാത്തൊരു പേര് ഐതാന ബോണ്‍മാറ്റി. പാരീസില്‍ നടന്ന ചടങ്ങില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കി അവര്‍ ചരിത്രം കുറിച്ചു. തുടര്‍ച്ചയായി മൂന്ന് ബാലണ്‍ദ്യോര്‍ നേടുന്ന വനിതാ താരങ്ങളിലേക്കും പുരുഷ താരങ്ങളിലേക്കും ചേര്‍ന്ന മൂന്നാമത്തെ പേര് അവര്‍ തന്നെയാണ്. മുന്‍പ് മിഷേല്‍ പ്ലാറ്റിനിയും ലയണല്‍ മെസ്സിയുമാണ് ഈ നേട്ടം കൈവരിച്ചത്.
സ്പെയിനിലെ പ്രാദേശിക ക്ലബായ സിഡി റൈബ്സിലാണ് ബോണ്‍മാറ്റിയുടെ ഫുട്ബോള്‍ യാത്ര ആരംഭിച്ചത്. അന്ന് ക്ലബിലെ ഏക പെണ്‍കുട്ടി അവരായിരുന്നു. പരിശീലകന് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു, മനോവീര്യത്തില്‍ തന്നെ കാര്‍ലോസ് പുയോളിനെപ്പോലെ ഒരു താരമാകും എന്ന് പ്രവചിക്കുകയും ചെയ്തു. ആദ്യകാലത്ത് പ്രതിരോധത്തില്‍ കളിച്ചിരുന്നെങ്കിലും പിന്നീട് മധ്യനിരയിലേക്ക് മാറിയതാണ് അവരുടെ കരിയറില്‍ വലിയ മാറ്റം വരുത്തിയത്. അസാധാരണമായ ഡ്രിബ്ലിംഗ്, ബോള്‍ കണ്ട്രോള്, സാങ്കേതിക മികവ് എന്നിവയാണ് അവരെ വേറിട്ട് നിര്‍ത്തിയത്.
2012-ല്‍ യുവതാരമായി ബാഴ്സലോണയില്‍ എത്തിയ ബോണ്‍മാറ്റി, വെറും നാല് വര്‍ഷത്തിനകം തന്നെ സീനിയര്‍ ടീമിലേക്ക് ഉയര്‍ന്നു. പിന്നീട് ഏഴ് ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ഉള്‍പ്പെടെ അനവധി നേട്ടങ്ങള്‍ അവര്‍ സ്വന്തമാക്കി.
2023-ല്‍ ആദ്യമായി ബാലണ്‍ദ്യോര്‍ നേടിയപ്പോള്‍ ലോകം മുഴുവന്‍ തന്നെ അവരെ ശ്രദ്ധിച്ചു. അതേ വര്‍ഷം സ്പാനിഷ് വനിതാ ടീമിനെ നയിച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പും നേടി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അവര്‍ക്ക് ലഭിച്ചു.
27-ാം വയസ്സില്‍ തന്നെ ഫുട്ബോള്‍ ലോകത്തെ കീഴടക്കിയ ബോണ്‍മാറ്റിക്ക് മുന്നില്‍ ഇനിയും അനവധി ഉയരങ്ങളുണ്ട്. ലോകമെമ്പാടും സ്വപ്നങ്ങളുമായി പന്ത് പിന്തുടരുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം അവര്‍ ഇന്ന് ഒരു ജീവിച്ചിരിക്കുന്ന പ്രചോദനമാണ്.


