ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന, സ്വതന്ത്രവും നീതിയുക്തവുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. ഈ മഹത്തായ സംവിധാനത്തിന്റെ കാവല്‍ക്കാരും നടത്തിപ്പുകാരുമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും അതീതമായി, ഭരണഘടനയില്‍നിന്ന് അധികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനത്തിന്റെ നിഷ്പക്ഷതയും ധാര്‍മ്മിക ബോധവുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍, ആ അടിത്തറക്ക് ഇളക്കം തട്ടുന്ന കാഴ്ചകളാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ഇതിന് ബലം നല്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല. രാജ്യത്തെ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവതരിപ്പിച്ചത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. അതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉള്ളില്‍ നിന്ന് തങ്ങള്‍ക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള ബൂത്തുകളിലാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നതെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസിന് സ്വാധീനമുള്ള ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ദലിത്, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം. ഇത് യാദൃച്ഛികമല്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ ‘ഗോദാഭായ്’ എന്ന സ്ത്രീയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് അപ്രത്യക്ഷമായ സംഭവം ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. സ്വന്തം പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാതെ, വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട് നിസ്സഹായയായി നില്ക്കുന്ന ഒരു സ്ത്രിയുടെ ചിത്രം, ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഒരു പ്രത്യേക വിഭാഗത്തെയോ രാഷ്ട്രിയ പാര്‍ട്ടിയെ അനുകൂലിക്കുന്നവരെയോ തിരഞ്ഞുപിടിച്ച് വോട്ടര്‍ പട്ടിക യില്നിന്ന് പുറത്താക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാ വിനേല്‍ക്കുന്ന മുറിവാണ്. ഓരോ പൗരനും ലഭിക്കുന്ന ഏറ്റ വും വലിയ അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാ ശം. അത് കവര്‍ന്നെടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുവെങ്കില്‍, അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്ന് മൗനാനുവാദം ലഭിക്കുന്നുവെങ്കില്‍, രാജ്യം അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് പോകുന്നത്. മുന്‍ കാലങ്ങളില്‍ ടി.എന്‍ ശേഷനെപ്പോലുള്ളവര്‍ കണിശമായ നിലപാടുകളിലൂടെയും ധിരമായ നടപടികളിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വാനോളം ഉയര്‍ത്തി യിരുന്നു. ഭരണകുടത്തിന്റെ ചട്ടുകമായി മാറാതെ, സ്വതന്ത്ര മായി തിരുമാനങ്ങളെടുക്കാനുള്ള കമ്മീഷന്റെ കഴിവിലാണ് ജനം വിശ്വസിച്ചിരുന്നത്. ആ വിശ്വാസ്യതക്കാണ് ഇപ്പോള്‍ കോട്ടം തട്ടുന്നത്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഇതാദ്യമായല്ല ഉയരുന്നത്. എന്നാല്‍, ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന നേതാവ് ഉദാഹരണങ്ങള്‍ സഹിതം ഈ വിഷയം വിണ്ടും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടച്ചിരിക്കാനാവില്ല. ആരോപണങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ സുതാര്യവും നിഷ്പക്ഷവുമായ ഒരന്വേഷണം അനിവാര്യമാണ്. ഓരോ പരാതിയും ഗൗരവത്തോടെയെടുത്ത് പരിഹാരം കാണാനും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം രാഷ്ട്രീയ പ്രേരിതമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും കമ്മിഷന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്.
ജനാധിപത്യത്തില്‍ സംശയങ്ങള്‍ക്ക് സ്ഥാനമുണ്ടാകരുത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍. ഒരു വോട്ട് പോലും അന്യായമായി നഷ്ടപ്പെടുന്നത് ഒരു ജനതയുടെ തോല്‍വിയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് അതിന്റെ യശസ്സും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ സ്വയം മുന്നോട്ട് വരണം. ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം, വസ്തുതകള്‍ നിരത്തി പൊതുസമൂഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍, ജനാധിപത്യത്തിന്റെ കാവല്ക്കാര് തന്നെ അതിന്റെ ഘാതകരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.


