പാലക്കാട്: സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ പാലക്കാട് ജില്ലയില്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്കി. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ജില്ല സന്ദര്‍ശിച്ചതിന് ശേഷം നടപടികള്‍ വേഗത്തിലായത്.
2002 ലെയും 2025 ലെയും വോട്ടര്‍ പട്ടികകള്‍ താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഎല്‍ഒമാര്‍ വില്ലേജ് ഓഫീസുകളില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിക്കണം. ബിഎല്‍ഒമാര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്.
കേരളത്തിലെ എസ്ഐആര്‍ നടപ്പിലാക്കുന്ന ഉത്തരവ് ഇറങ്ങിയാല്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും. 2002 ലെ പട്ടികയില്‍ പേര് ഇല്ലാത്തവരുടെ തിരിച്ചറിയല്‍ രേഖകളും അഫിഡവിറ്റുകളും നല്‍കേണ്ടതാണ്. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ചിണ്ടക്കി, ആനവായ് ഊരുകളില്‍ എത്തി എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും അടുത്ത ദിവസങ്ങളില്‍ നടപടികള്‍ ആരംഭിക്കും.


