ന്യൂഡല്‍ഹി: വ്യാപകമായ വോട്ടുകൊള്ളക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ”ഹൈഡ്രജന്‍ ബോംബല്ല, അത് വരുന്നതേയുള്ളൂ,” എന്ന് പറഞ്ഞ അദ്ദേഹം, വോട്ടുകൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു.
ഡല്‍ഹിയിലെ പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സംസാരിച്ചത്. 101 ശതമാനം തെളിവുകളോടെ വോട്ടുകൊള്ള നടന്നതായി അവര്‍ വ്യക്തമാക്കി. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവരെ ആസൂത്രിതമായി പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നും, വോട്ട് നഷ്ടപ്പെട്ടവരെ തന്നെ വേദിയിലെത്തിച്ചും അദ്ദേഹം തെളിവുകള്‍ മുന്നോട്ടുവച്ചു.
”കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ കോട്ടയായ ബൂത്തുകളിലാണ് വോട്ട് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷന് 18 കത്തുകള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഗ്യാനേഷ് കുമാര്‍ വോട്ടു കൊള്ളക്കാരെ സംരക്ഷിക്കുന്നു. ഭരണഘടനയെ തകര്‍ക്കുന്ന നടപടികളാണ് നടക്കുന്നത്,” എന്ന് രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വ്യാജ വോട്ടുകളാണ് കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”അലന്ദില്‍ മണ്ഡലത്തില്‍ ഒഴിവാക്കലും രജൂരില്‍ കൂട്ടിച്ചേര്‍ക്കലുമാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തതായി വ്യക്തമായ തെളിവുകളുണ്ട്,” എന്നും രാഹുല്‍ പറഞ്ഞു.
”കമ്മീഷന് തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുന്നില്ല. എനിക്ക് പ്രതിബദ്ധത ജനങ്ങളോടാണ്, ഭരണഘടനയെ ഉയര്‍ത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇതിന് പിന്നില്‍ ആര്‍ക്കൊക്കെ ഉത്തരവാദിത്വമുണ്ടെന്ന് തെളിവുകളോടെ ഉടന്‍ പുറത്തുവിടും. ഉടന്‍ തന്നെ ഹൈഡ്രജന്‍ ബോംബ് പൊട്ടും,” എന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി.


