മലപ്പുറം: എടവണ്ണയിലെ വീട്ടില്‍നിന്ന് പൊലീസ് പിടികൂടിയ തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുന്നു. തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ, തിരകളുടെ സ്വഭാവം എന്താണെന്ന് കണ്ടെത്തുക ലക്ഷ്യമാണെന്ന് പൊലീസ് അറിയിച്ചു.
പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. എയര്‍ഗണ്‍ വില്ക്കാന് ലൈസന്‍സ് അപേക്ഷിച്ചിട്ടുണ്ടെന്നും, എന്നാല്‍ അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും ശേഖരിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.
പരിശോധനയില്‍ 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും പിടിച്ചെടുത്തു. രണ്ടു തോക്കുകള്‍ക്കുള്ള ലൈസന്‍സ് മാത്രം ഉണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ കൂടുതലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ‘വേട്ടയ്ക്കും ഹോബിക്കുമായി ആയുധങ്ങള്‍ ശേഖരിച്ചതാണ്’ എന്നാണ് പ്രതിയുടെ വാദം.
ഇതിനിടെ, വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ പാലക്കാട്ട് വാഹനപരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങള്‍ എവിടെ നിന്നാണ് എത്തിച്ചതെന്ന് കണ്ടെത്താനാണ് അന്വേഷണം പുരോഗമിക്കുന്നത്.


