തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതിയായ ബിജു മര്‍ദനത്തിന് ഇരയായി. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനാണ് പത്തനംതിട്ട സ്വദേശിയായ ബിജു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനില്‍ക്കുന്നത്.
കഴിഞ്ഞ 12-ന് സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു ജില്ലാ ജയിലില്‍ എത്തിച്ചു. 13-ന് ജയിലിനകത്തെ ഓടയ്ക്കകത്ത് അവശനിലയില്‍ ബിജുവിനെ കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ബിജുവിന്റെ ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മര്‍ദനമാണ് പരിക്ക് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എവിടെ നിന്നാണ് മര്‍ദനമേറ്റതെന്ന് വ്യക്തമല്ല.
ബിജുവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


