ഗസ്സയിലെ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ലോകത്ത് ഇസ്രാഈല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്ന് വെളിപ്പെടുത്തി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രാഈലിനെതിരെ ആയുധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വാശ്രയത്വം നേടേണ്ടിവരുമെന്നും നെതന്യാഹു പറഞ്ഞു. ‘ഇസ്രാഈല്‍ ഒരുതരം ഒറ്റപ്പെടലിലാണ്’ ജറുസലേമില്‍ നടന്ന ധനകാര്യ മന്ത്രാലയത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
ഖത്തര്‍ ആക്രമണത്തിന് പിന്നാലെ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചില്‍. ഇസ്രാഈല്‍ ഒറ്റപ്പെട്ടെന്ന നെതന്യാഹുവിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഇസ്രാഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് രംഗത്തെത്തി. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സര്‍ക്കാറിന്റെയും തെറ്റായ നയങ്ങളുടെ ഫലമായാണ് ഇസ്രാഈല്‍ ഒറ്റപ്പെട്ടതെന്നും ലാപിഡ് കുറ്റപ്പെടുത്തി.


