കോഴിക്കോട്: വിജില്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് സ്ഥിരീകരിച്ചു. ഡി.സി.പി. അരുണ്‍ കെ. പവിത്രന്റെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്.
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും നേരത്തെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തിരച്ചിലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയും, തെളിവെടുപ്പിനായി വരയ്ക്കല്‍ ബീച്ചിലേക്കും കൊണ്ടുപോകുകയും ചെയ്തിരുന്നു.
2019 മാര്‍ച്ച് 24-നാണ് വിജില്‍ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവര്‍ ചെളിയില്‍ അടിച്ചുമൂടിയെന്നാണ് പ്രതികളുടെ മൊഴി. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് സരോവരം പാര്‍ക്കില്‍ നിന്ന് കണ്ടെത്തി.
ശരീരാവശിഷ്ടങ്ങള്‍ വിജിലിന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധനാഫലം കാത്തിരിക്കുകയാണ്. രഞ്ജിത്തിനെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. നിലവില്‍ ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


