കോഴിക്കോട് പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. സംഭവം പുറത്തുവന്നിട്ട് എട്ട് വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് സമര തീരുമാനം. ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
”എട്ട് വര്‍ഷമായി ദുരിതജീവിതം നയിക്കുകയാണ്. വയറ്റില്‍ നിന്ന് കത്രിക നീക്കിയിട്ട് ഈ സെപ്തംബര്‍ 17ന് മൂന്നു വര്‍ഷം പൂര്‍ത്തിയായി. ഇത്രയും വര്‍ഷം പോരാടിയിട്ടും നീതി ലഭിച്ചിട്ടില്ല. നീതി കിട്ടുന്നവരെ പോരാട്ടം തുടരും,” എന്ന് ഹര്‍ഷിന പറഞ്ഞു.
സര്‍ക്കാര്‍ തനിക്കൊപ്പമാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുകയല്ലാതെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും, ആരോഗ്യമന്ത്രി പോലും മൗനം പാലിക്കുന്നുവെന്നും ഹര്‍ഷിന ആരോപിച്ചു. ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് സമര തീരുമാനം.


