മുസഫര്‍നഗര്‍ കലാപബാധിത ഇരകള്‍ക്കായി 2017ല്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നിര്‍മ്മിച്ചു നല്കിയ 63 വീടുകള്‍ ഉള്‍പ്പെടുന്ന ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ വില്ലേജ് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. മാതൃകാ വില്ലേജായി ഈ ഗ്രാമത്തെ മാറ്റുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ ലാഡര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യുടെ നേതൃത്വത്തില്‍ നതപ്പിലാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ പ്രീ ലേണിങ് സെന്റര്‍ പ്രവര്‍ത്തനാരംഭം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പബ്ലിക് ഡ്രൈനേജ്, കിഡ്സ് പാര്‍ക്ക് നവീകരണം തുടങ്ങിയ പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കും. വില്ലേജിലെ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇ.അഹമ്മദ് മെമ്മോറിയല്‍ പബ്ലിക് സ്കൂള്‍ ഗ്രാമത്തിന്റെ അക്ഷരവെളിച്ചമാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

വില്ലേജിലെയും സമീപ പ്രദേശങ്ങളിലെയും പുതുതലമുറയുടെ ഭാവി സുരക്ഷിതാമാക്കാനും അഭിമാനകരമാ നിലനില്‍പ്പിനും വിദ്യഭ്യാസത്തിലൂന്നിയ ലാഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ലാഡര്‍ ഫൗണ്ടേഷന് പ്രാധാന്യം നല്‍കുക. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് വില്ലേജിലെ ജനസേവാ കേന്ദ്രം കൂടിയായി പ്രവര്‍ത്തിക്കും. വില്ലേജിലെ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ രേഖകള്‍ ഉറപ്പുവരുത്തും. സ്ത്രീശാക്തീകരണ, തൊഴില്‍ പരിശീലന പദ്ധതികള്‍ കൂടി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതോടെ ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മ വില്ലേജ് മാതൃകാ ഗ്രാമമായി മാറുമെന്നും ഇ.ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ലാഡര്‍ ഫൗണ്ടേഷന് സാരഥികളായ എം.പി മുഹമ്മദ് കോയ, എം.വി സിദ്ദീഖ് മാസ്റ്റര്‍, ഹമദ് മൂസ, ലത്തീഫ് രാമനാട്ടുകര അനുഗമിച്ചു.


