കാഠ്മണ്ഡു: നേപ്പാളില്‍ പ്രക്ഷോഭം രൂക്ഷമാകുമ്പോള്‍ മന്ത്രിമാരും കുടുംബാംഗങ്ങളും രക്ഷപ്പെടാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ്. പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് വരെ എത്തിച്ചേര്‍ന്ന പ്രക്ഷോഭകാരികള്‍ അധികാരികളെ കയ്യില്‍ കിട്ടിയാല്‍ വിട്ടുതരുന്നില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഒരു മന്ത്രിയെ തെരുവില്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, സൈനിക ഹെലികോപ്ടറുകളെ ആശ്രയിച്ച് മന്ത്രിമാരും ബന്ധുക്കളും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹെലികോപ്ടറില്‍ നിന്നും ഇറക്കിയ കയറില്‍ അപകടകരമായി തൂങ്ങി മന്ത്രിമാരും കുടുംബാംഗങ്ങളും കയറുന്നതും, മറ്റൊരു ദൃശ്യത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ദേശീയ മാധ്യമങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇളക്കി മറിച്ച ജെന്‍ സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ എന്ത് സംഭവിക്കുമെന്നത് ലോകം ഉറ്റുനോക്കുകയാണ്. ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ പരിഗണിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജെന്‍ സികളുടെ പിന്തുണയോടെ കര്‍ക്കി ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വരാമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കര്‍ക്കി പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു.


