കാഞ്ഞങ്ങാട്: അമ്മയ്ക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകനെ ജയിലില്‍ അടക്കാന്‍ കാഞ്ഞങ്ങാട്ടെ മുതിര്‍ന്ന പൗരന്മാരുടെ ആര്‍ഡിഒ കോടതി ഉത്തരവിട്ടു. മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏലിയാമ്മ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മകന് പ്രതീഷ് വടുതലക്കുഴിയെയാണ് ഹോസ്ദുര്‍ഗ് സബ് ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.
2007ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി. പ്രതീഷിന് മാസം 2000 രൂപ അമ്മയ്ക്ക് നല്കാന് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ തുക നല്‍കാതിരിക്കുകയും, തുടര്‍ന്നുള്ള നോട്ടിസുകളും അവഗണിക്കുകയും ചെയ്തതാണ് കേസിന് വേഗം കൂട്ടിയത്.
ജൂണ്‍ 4ന് ട്രൈബ്യൂണലിനു മുന്നില്‍ ഹാജരായ പ്രതീഷ്, പണം നല്കാന് കഴിയില്ലെന്ന് അറിയിച്ചിരുന്നു. സഹോദരി സഹായിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും, അവര്‍ക്കെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജൂലൈ 10ന് വീണ്ടും വിചാരണ നടന്നപ്പോഴും പ്രതീഷ് ചെലവ് നല്കാന് വിസമ്മതിച്ചു.
ഒരവസരം കൂടി നല്‍കിയിട്ടും തുക നല്കാത്തതിനാല്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വാറണ്ട് പുറപ്പെടുവിച്ച് ജയിലിലടക്കാന്‍ ഉത്തരവിട്ടു.


