സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നതിനിടെ, നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖാക് രാജിവെച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിന് പുറമെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ക്യാബിനറ്റ് യോഗത്തില്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റ് ആഭ്യന്തര മന്ത്രി പദവിയൊഴിഞ്ഞത്. ‘സമൂഹമാധ്യമ വിലക്ക് നീക്കൂ’, ‘സമൂഹമാധ്യമമല്ല, അഴിമതി അവസാനിപ്പിക്കൂ’, ‘അഴിമതിക്കെതിരെ യുവാക്കള്‍’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തുന്നത്.
പാര്‍ലമെന്റിലെ പ്രവേശന നിരോധനമുള്ള മേഖലയിലേക്ക് കടന്നുകയറിയ പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു. 20 പേര് ഇതുവരെ മരിച്ചു. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റിന് സമീപത്തും കാഠ്മണ്ഡുവിലെ അതിസുരക്ഷാ മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമതിയില്‍ മുങ്ങിയ ഭരണം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാഠ്മണ്ഡുവിന് പുറമെ പ്രധാന നഗരങ്ങളിലെല്ലാം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പലയിടത്തും സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.


