തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവര്‍ക്ക് അധ്യാപക ജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി വിധി.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്മോഹന് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള 28 അപ്പീലുകള്‍ പരിഗണിച്ച് സെപ്റ്റംബര്‍ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്. ഇന്‍-സര്‍വീസ് അധ്യാപകര്‍ക്കു വിധി ബാധകമാക്കിയ സാഹചര്യത്തില്‍, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമം (ആര്.ടി.ഇ. ആക്ട്) അനുസരിച്ച് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. ഈ യോഗ്യതയില്ലാത്ത ഇന്‍-സര്‍വീസ് അധ്യാപകര്‍ക്ക് സര്‍വീസില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെടും. ആര്.ടി.ഇ. നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. കോടതിവിധി വരുന്ന സെപ്തംബര്‍ ഒന്നിന് അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസ് ബാക്കിയുള്ള സീനിയര്‍ അധ്യാപകര്‍ക്ക് വിരമിക്കല്‍ വരെ സര്‍വീസില്‍ തുടരാം. എന്നാല്‍, ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള അധ്യാപകര്‍ ഈ ഉത്തരവ് മുതല്‍ രണ്ട് വര്‍ഷത്തിനകം ടെറ്റ് യോഗ്യത നേടിയില്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും ഇവയാണ് വിധിയിലെ പ്രധാന ഉള്ളടക്കം.
വിധിയുടെ പശ്ചാത്തലത്തില്‍ പ്രൊമോഷനുകളും പുതിയ നിയമനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. സാധാരണയായി ഒരു തൊഴില്‍ മേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരുകള്‍ ഇതിന് തയ്യാറായില്ല. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര നിയമങ്ങള്‍ക്കാണ് മുന്‍ഗണന. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


