തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഇടിമുറികളാക്കിയ പിണറായി പൊലീസിനെതിരെ പരാതി പ്രളയം. വാദിയെയും പ്രതിയെയും തല്ലിച്ചതക്കുന്ന പൊലീസ് നരനായാട്ടിന്റെ ദൃശ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. പരാതി നല്‍കാനെത്തിയ ഹോട്ടല്‍ മാനേജരെയും മകനെയും ക്രൂരമായ മര്‍ദിച്ച പീച്ചി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സി.സി ടി. വി ദൃശ്യങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.മര്‍ദനത്തിന് പിന്നാലെ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായി ഹോട്ടല്‍ ഉടമ ഔസേപ്പ് പറഞ്ഞു. ഹോട്ടലിനെതിരെ വ്യാജപരാതി ഉന്നയിച്ച ആള് മുഖേന അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതില്‍ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷം അയാള്‍ക്കുമാണെന്നാണ് പരാതിക്കാരന് പറഞ്ഞത്. തന്റെ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച എസ്.ഐ രതീഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ഔസേപ്പ് ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടത്. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്ത് തത്വത്തില്‍ സര്‍ക്കാര്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കി. ഈ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മാമുക്കോയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഫോണ്‍ ചെയ്തുകൊണ്ടു നിന്ന ഇദ്ദേഹത്തെ അകാരണമായി പൊലീസ് വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. കോഴിക്കോടുതന്നെ മറ്റൊരു പരാതിയുയര്‍ന്നത് പന്നിയങ്കര പൊലീസിനെതിരെയാണ്. വേങ്ങേരി സ്വദേശി മുഹമ്മദ് മുസ്തഫയെയും സഹോദരനെയുമാണ് മര്‍ദിച്ചത്.
കൂടാതെ കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമത്തിലൂടെ തുറന്നുപറഞ്ഞ് നെടുമ്പന നോര്‍ത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറിയും രംഗത്തെത്തി. ക്രിമിനല്‍ പൊലീസുകാരെ ‘സസ്പെന്റ്’ ചെയ്ത് സംരക്ഷിക്കുന്ന സര്‍ക്കാരിന് സി.പി.എം നേതാവിന്റെ തുറന്നുപറച്ചില്‍ വലിയ തിരിച്ചടിയായി. ഇതോടെ നെടുമ്പന ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. മറ്റൊരു കേസിന്റെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ തന്നെ മര്‍ദിച്ചതെന്നാണ് സജീവ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘അനുഭങ്ങള്‍ ആണ് ബോധ്യങ്ങള്‍ ആകുന്നത്’ എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്.
ഇതിനിടെ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളില്‍ പൊലീസ് അഴിഞ്ഞാട്ടം നടക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖയും പുറത്തുവന്നു. ‘സി.സി ടി.വി ഉണ്ട്, ജാഗ്രത വേണം’ എന്ന് ഉപദേശിച്ച് 2024ല്‍ ജില്ലാപൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി അയച്ച കത്താണ് പുറത്തുവന്നത്. 2024 സെപ്തംബറില്‍ പൊലീസ് ആസ്ഥാനത്തെ എഡി.ജി.പി എ. ശ്രീജിത്താണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്ത് അയച്ചത്. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തെത്തുന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.


