കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ വീട്ടമ്മക്ക് നഷ്ടപെട്ടത് രണ്ടുകോടി 88 ലക്ഷത്തിലധികം രൂപ. മട്ടാഞ്ചേരി സ്വദേശിയായ 59 കാരിയാണ് തട്ടിപ്പിന് ഇരയായത്. ജെറ്റ് എയര്‍വേയ്സ് മുന്‍ സിഇഒ നരേഷ് ഗോയേലിന്റെ തട്ടിപ്പില്‍ പങ്കാളിയെന്ന് പറഞ്ഞായിരുന്നു കോള്‍ വന്നത്.
കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞാണ് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത്. സുപ്രിംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു തട്ടിപ്പ്. പിഴയടച്ചാല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പിന്നീട് താന്‍ കബളിക്കപ്പെട്ടുവെന്ന് മനസിലായ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


