യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ആ പൊലീസുകാര്‍ കാക്കിയിട്ട് ഇനി വീടിനു പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളം ഇതുവരെ കാണാത്ത സമരത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് വി.ഡി സതീശന് പറഞ്ഞു.
സുജിത്തിനെ കുന്നംകുളത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. സര്‍ക്കാര്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍വെച്ച് നടന്ന അതിക്രൂരമായ മര്‍ദനത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്.
കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. എസ്ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്, സന്ദീപ്, സജീവന് എന്നിവരയാരിന്നു സുജിത്തിനെ മര്‍ദിച്ചത്.


