ബോളിവുഡ് നടി ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടിച്ച് മുംബൈ പൊലീസ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി വ്യവസായിയായ ദീപക് കോത്താരിയില്‍ നിന്ന് 60 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സെലിബ്രിറ്റി ദമ്പതികള്‍ക്കെതിരെയുള്ള കേസ്.
എന്നാല്‍ കമ്പനിയിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. കമ്പനിയുടെ ഓഡിറ്ററെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ശില്പയുടെയും ഭര്‍ത്താവിന്റെയും യാത്രാ രേഖകള്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിച്ചുവരികയാണ്.
2015 നും 2023 നും ഇടയില്‍ ബിസിനസ് വികസിപ്പിക്കുന്നതിനായി തന്നില്‍ നിന്ന് 60 കോടി രൂപ ശില്പയും ഭര്‍ത്താവും കൈപ്പറ്റിയെതെന്നും എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഇരുവരും പണം ചെലവഴിച്ചതെന്നുമാണ് ദീപക് കോത്താരി പറയുന്നത്. 12% വാര്‍ഷിക പലിശ സഹിതം ഒരു നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും പിന്നീട് പണമൊന്നും ലഭിച്ചില്ലെന്നും കോത്താരി പറയുന്നു.
കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് നടക്കുന്നുണ്ടെന്ന് പിന്നീട് കണ്ടെത്തിയെന്നും അതിനെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നില്ല എന്നും കോത്താരി പറഞ്ഞു.


