അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റാണ് തനിക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന എന്നും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി.
ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനവും ആഷസും 2027-ലെ ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് ഉന്മേഷത്തോടെയും ഫിറ്റ്നസോടെയും തുടരാനാണ് ശ്രമമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റാണ് എപ്പോഴും എന്റെ പ്രധാന മുന്‍ഗണന. ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ച ഓരോ ടി-20 മത്സരവും ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ച് 2021 ലോകകപ്പ് വിജയം എന്റെ കരിയറിലെ ഏറ്റവും ഓര്‍മ്മയില്‍ നില്ക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ക്ക് 65 ടി-20 മത്സരങ്ങള്‍ കളിച്ചു. 79 വിക്കറ്റുകള്‍ നേടിയ താരം 4/20 എന്ന മികച്ച ബൗളിങ് പ്രകടനമാണ് കൈവരിച്ചത്. 7.74 എന്ന എക്കോണമിയിലും 23.8 എന്ന ശരാശരിയിലും താരം തിളങ്ങി. ഫോര്‍മാറ്റില്‍ ഒരു ഫോര്‍ഫര്‍ നേട്ടവും സ്വന്തമാക്കി.
ഐ.പി.എല്ലില്‍ ഇതുവരെ 52 മത്സരങ്ങളില്‍ കളിച്ച സ്റ്റാര്‍ക്ക്, 65 വിക്കറ്റുകള്‍ നേടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡേവിഡ് വാര്‍ണര്‍ എല്ലാ ഫോര്‍മാറ്റുകളിലും നിന്ന് വിരമിച്ചതിന് പിന്നാലെ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഏകദിനങ്ങളില്‍ നിന്ന് വിട പറഞ്ഞിരുന്നു. എന്നാല്‍ ടി-20യില്‍ സ്റ്റാര്‍ക്കിന്റെ ഒഴിവ് ഓസീസിന് നിറയ്ക്കാനാവാത്തതാണ്.


