ലുക്മാന് മമ്പാട്
മേപ്പാടി മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി, ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി, പി. വി അബ്ദുല്‍ വഹാബ് എം. പി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാം മറ്റുസംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിച്ചു.
നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്.
മേപ്പാടി പഞ്ചായത്തില്‍ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്നാണ് സ്ഥലം ഏറ്റെടുത്തത്. 8 സെന്റില്‍ ആയിരം സ്ക്വയര്‍ഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിക്കുന്നത്. ഇരുനില വീടുകള്‍ നിര്‍മ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകല്പന.


