നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യാന്‍തുംഗോ പാറ്റണിന്റെ ഭീഷണിക്ക് പിന്നാലെ മണിപ്പൂരില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു. യാന്‍തുംഗോ പാറ്റണ് നാഗാലാന്‍ഡിലെ ആഭ്യന്തര മന്ത്രിയും അതിര്‍ത്തികാര്യ മന്ത്രിയുമാണ്. ആഗസ്റ്റ് 23ന് ഹോണ്‍ബില്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ടില്‍ നാഗാ ഗ്രാമീണരെ അവതരിപ്പിച്ചതിന് അസമുമായി അതിര്‍ത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ ഗ്രാമത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പാറ്റണ് ദീപ് സൈകിയയെന്ന റിപ്പോര്‍ട്ടറെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അസം സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തിയിലുള്ള റെംഗ്മ ഫോറസ്റ്റ് റിസര്‍വില്‍ ഒഴിപ്പിക്കല്‍ നടപടി നടന്നിരുന്നു. ഇതിനിടെ യാന്‍തുംഗോ പാറ്റണോ പ്രാദേശിക എംഎല്‍എ ആയിരുന്ന അച്ചുമെംബോ കിക്കോണോ ഒരു മാസത്തോളം തങ്ങളെ സന്ദര്‍ശിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ക്യാമറക്ക് മുന്നില്‍ പറഞ്ഞിരുന്നു. സൈകിയയുടെ റിപ്പോര്‍ട്ടില്‍ ഗ്രാമീണര്‍ പറയുന്നതനുസരിച്ച് ജൂലൈ 24 ന് മാത്രമാണ് പാറ്റണ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അസം സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് ഗ്രാമവാസികള്‍ വളരെയധികം ആശങ്കാകുലരായിട്ടും അതിനുശേഷം ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഗ്രാമീണര്‍ എംഎല്‍എയെയും കാണാനില്ലെന്ന് പറഞ്ഞു.
നാഗാ പ്രദേശങ്ങളില്‍ നിന്ന് സൈകിയയെ തുരത്താന്‍ ‘ചിലരോട്’ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും പാറ്റണ് പറഞ്ഞിരുന്നു. സൈകിയ അസമില്‍ നിന്നുള്ളയാളാണ്. തന്റെ ‘മുന്നില്‍ ഇരിക്കരുതെന്നും’ പാറ്റണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിര്‍ത്തി വിഷയത്തില്‍ പ്രദേശത്തെ മുന്‍ എംഎല്‍എ എം.കിക്കോണുമായി അഭിമുഖം നടത്തിയതിനും റിപ്പോര്‍ട്ടറെ പാറ്റണ് ചോദ്യം ചെയ്തു.


